കെ.എസ്.ടി.എ

കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ അധ്യാപക സംഘടനയായ കേരള സ്ക്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് ഉള്ളത്. സാമ്രാജ്യ ത്വത്തിനെതിരെയും ജന്മിത്തത്തിനെതിരെയും സംഘടന എക്കാലവും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അധ്യാപക സമൂഹത്തിന്റെ അഭിമാനം കാക്കുന്നതിന് കെ എസ് ടി എ തനിച്ച് നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്. സ്വകാര്യ മാനേജര്‍മാരുടെ ധിക്കാരപരമായ സമീപനങ്ങളെ സംഘടന ചെറുത്ത് തോല്‍പിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് കെ എസ് ടി എ നടത്തിയ ഉജ്വലമായ സമരങ്ങള്‍ക്ക് കേരളത്തിലെ ട്രേഡ് യൂണിയന്‍ സമര ചരിത്രത്തില്‍ ഐതിഹാസികമായ സ്ഥാനമാണ് നേടിക്കൊടുത്തിട്ടുള്ളത്.ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലാണ് സംഘടന രൂപീകൃതമായത്. എന്നാൽ കെ എസ് ടി എ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നു മുതലാണ്. അതിനു മുമ്പ് കേരള പ്രൈവറ്റ് ടീച്ചേർസ് യൂണിയൻ അഥവാ കെ പി ടി യു എന്ന സംഘടനയായും കേരള ഗവൺമെന്റ് ടീച്ചേർസ് അസോസിയേഷൻ അഥവാ കെ ജി ടി എ എന്ന സംഘടനയായും അധ്യാപക പ്രസ്ഥാനങ്ങൾ നിലകൊണ്ടു. ഇന്ന് ഗവൺമെന്റെന്നോ എയിഡഡെന്നോ വ്യത്യാസമില്ലാതെ പ്രീ പ്രൈമറി മുതൽ ഹയർസെക്കന്ററി വരെയുള്ള മുഴുവൻ അധ്യാപകരെയും കാറ്റഗറി വികാരമില്ലാതെ ഉൾക്കൊള്ളുന്ന സംഘടനയാണ് കെ എസ് ടി എ.

ഇരിക്കൂര്‍ ഉപജില്ല

ഇരിക്കൂര്‍ വിദ്യാഭ്യാസ ഉപജില്ല കണ്ണൂര്‍ റവന്യൂ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്നു. ഇരിക്കൂര്‍ ബ്ളോക്ക് പഞ്ചായത്തില്‍ ഉള്‍പെടുന്ന ഈ പ്രദേശം ഇരിക്കൂര്‍ , ശ്രീകണ്ഠപുരം , മലപ്പട്ടം , ഏരുവേശ്ശി , ചെങ്ങളായി , ഉളിക്കല്‍, പയ്യാവൂര്‍ , പടിയൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്നു. സംഘടനക്ക് ഉപജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഉപജില്ലാ കമ്മറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ കമ്മറ്റിക്ക് കെ എസ് ടി എ സംസ്ഥാന കമ്മറ്റിയുടെയും കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെയും മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും ലഭിക്കുന്നു. ഉപജില്ലാ കമ്മറ്റിക്കു കീഴില്‍ ഇരിക്കൂര്‍, ശ്രീകണ്ഠപുരം, മലപ്പട്ടം, ഏരുവേശ്ശി, ചെങ്ങളായി, ഉളിക്കല്‍, പയ്യാവൂര്‍ എന്നീ ഏഴ് ബ്രാഞ്ച് കമ്മറ്റികളുണ്ട്. ഉപജില്ലയിലെ ഭൂരിഭാഗം സ്ക്കൂളുകളിലും കെ എസ് ടി എ ക്ക് ശക്തമായ യൂണിറ്റ് കമ്മറ്റികളും ഉണ്ട്.